Friday, December 7, 2012

അപൂര്‍വയിനം

ആദ്യം
ഒരു മണപ്പിക്കലായിരുന്നു;
വലിച്ചടുപ്പിക്കും പോലൊരു ശ്വാസം...
പ്രണയം കൂര്‍ത്തു നിന്ന കണ്ണുകള്‍
ഒരുച്ച്വാസത്തിലടയുന്നത്
നോക്കിനിന്നപ്പോഴാണ്
നെറ്റി വിയര്‍ത്തു പൊള്ളിയത്

'മൊട്ടായിട്ടേ ഉള്ളൂ; രണ്ടു നാള്‍ കഴിയട്ടെ'
എന്നവന്‍ പോയി...
പിന്നെ ഒരു കാത്തിരിപ്പാണ്...

ഇടയ്ക്കു വന്നൂ ചിലരൊക്കെ;
കട പുഴക്കിയെടുക്കാനൊരു കാറ്റ്
പാടേ നനച്ചൊരു കള്ളന്‍ മഴ
മുരണ്ടു മുരണ്ടൊരു വഷളന്‍ വണ്ട്‌
കുടഞ്ഞെറിഞ്ഞ പുഴുക്കള്‍ തന്നെയെന്ന് തോന്നി
ചന്തത്തില്‍ ചിറകു നീര്‍ത്തി വീണ്ടും വന്നത്

മതിലിന്റെ വിടവിലൂടെ നീണ്ടു വന്നൊരു കൈ
ഓടി വന്നവന്‍ തട്ടി മാറ്റി
'ആര്‍ക്കും കൊടുക്കില്ല നിന്നെ!';
നെറുകയിലൊരു നനവുള്ള ചൂടറിഞ്ഞു...

നിലാവും മഞ്ഞും കലര്‍ന്നങ്ങനെ
പതഞ്ഞു പതഞ്ഞോഴുകിയിട്ടും
വിട്ടുമാറാത്ത ആ ചൂട് തട്ടിയാകണം
അന്ന് രാത്രി പൊട്ടി വിടര്‍ന്നത്;
നീണ്ടോരുറക്കത്തില്‍ നിന്ന് ഞെട്ടി മിഴിച്ച്
ഇതളെല്ലാം താനേ നീര്‍ന്നു വന്നു...

രാവിലെ
പറിച്ചെടുത്തപ്പോള്‍ നോവറിഞ്ഞില്ല;
ഒരു മോഹമയക്കത്തിലായിരുന്നു
പച്ച ഞരമ്പുകള്‍ തിങ്ങിയ
തണ്ടിനുള്ളില്‍ നിന്നൊരു നിലവിളി കേട്ടോ?
മണ്ണിന്റെ പുഴുക്കങ്ങളില്‍
അമര്‍ന്നുപോയ വേരുകള്‍ നെടുവീര്‍പ്പിട്ടോ?
തോന്നിയതാകണം

ചോര പൊടിയുന്നൊരു ചുംബനം കാത്ത്
കൂമ്പിയ കണ്ണുകള്‍ തുറന്നത്
കട്ടിയുള്ള ഗ്ലാസ്‌ പ്രതലത്തിന്‍റെ
തണുപ്പിലേക്കാണ്
മദ്യമേശക്കപ്പുറത്തു നിന്നു
നീണ്ടു വന്ന കണ്ണുകളോട്
കണ്ണിറുക്കി കൊണ്ടവന്‍ പറഞ്ഞു;

'അപൂര്‍വയിനമാണ്
മൂന്നാല് ദിവസമെങ്കിലും
വാടാതെ നില്‍ക്കും
വാടുന്നതിനു മുന്‍പേ
വറീത് ചേട്ടന്റെ കടയില്‍ കൊടുക്കാം
ഇതിനിപ്പോള്‍ നല്ല മാര്‍ക്കറ്റ് ആണത്രേ...'