Tuesday, November 12, 2013

പുതപ്പ്

കുറെ നാളായിട്ട്
തിരയുകയാണ്
ആ പുതപ്പ്

ഇരുട്ട് ഭയന്ന് ചുരുളുമ്പൊഴും
വെളിച്ചക്കുത്തേറ്റു വലിയുമ്പൊഴും
പെരുമ്പറക്കാറ്റില്‍ കാതടയ്ക്കുമ്പൊഴും
ചോരക്കനവുകളില്‍ വഴുക്കിവീഴുമ്പൊഴും

കാലം തെറ്റിയ മഴയില്‍
കുതിര്‍ന്നു വിറച്ചപ്പൊഴും
പ്രണയം പോലെ ശൈത്യം
തൊലിതുളച്ചിറങ്ങിയപ്പൊഴും

അസ്ഥിപ്പുറത്തൊരു സ്നേഹക്കടല്‍
വേലിയേറിയിറങ്ങിയപ്പൊഴും
വലിഞ്ഞു പൊട്ടിയ ഞരമ്പിന്‍മേലൊരു
കാമപ്പക്ഷി കുറുകിയപ്പൊഴും

എന്‍റെയെന്റെയെന്ന
ചുടുവീര്‍പ്പോടെ
പരസ്പരം
പുതപ്പിച്ചിരുന്നത്

എവിടെപ്പോയത്?

Friday, November 1, 2013

നുറുങ്ങുകള്‍

നഗ്നത
ഉടല്‍
പറിച്ചൂരിയെരിഞ്ഞു
നഗ്നമായ്‌
നില്പാണ്

പിന്നെയും
ശൂന്യതയില്‍ നിന്ന്
പടപടാ
മിടിക്കണതെങ്ങനാണ്
നീ!

അരുത്
കയ്പ്പെഴുതാം
കനലെഴുതാം
കവിതയെഴുതാന്‍ മാത്രം
പറയല്ലേ പൊന്നേ

Friday, October 4, 2013

തോറ്റു പോകുന്നത്

- @ Tower of London Museum

നിന്‍റെ വിസ്മയക്കണ്ണില്‍ തെളിയുന്ന
രത്നകിരീടങ്ങള്‍ക്കും
മുത്തുമാലകള്‍ക്കും
ദാഹവും വിശപ്പുമറിയാത്ത
സ്വര്‍ണപ്പാത്രങ്ങള്‍ക്കും
കറയും കീറലും ചുളിവുമറിഞ്ഞിട്ടില്ലാത്ത
പട്ടുതിളക്കങ്ങള്‍ക്കും
അപ്പുറത്തെ ഇരുണ്ട കോണില്‍ നിന്ന്
വിശപ്പ്‌ തിന്നുണങ്ങിയ
രണ്ടമ്മമുലകളുടെ നെടുവീര്‍പ്പ്
നെഞ്ചില്‍ വന്നു തൊട്ടു
പൊള്ളിക്കുമ്പോള്‍

ലോഹപ്പടച്ചട്ടകളും പടവാളുകളും
തോക്കുകളും പീരങ്കികളും
നിരത്തി വെച്ച
കൊളോനിയല്‍ യുദ്ധസ്മാരകപ്രദര്‍ശനത്തില്‍
പടക്കുതിരകളുടെ അഴകിന്‍ നിറവില്‍
ആവേശഭരിതനായി നീ നില്‍ക്കെ
ചങ്ക് മുറിഞ്ഞു പോയൊരു പടയാളിയുടെ
പാതിയില്‍ നിലച്ച ഒരാര്‍ത്തനാദം
കാതില്‍ വന്നലച്ചു ഞാന്‍
മുറിപ്പെടുമ്പോള്‍

വലിച്ചുനീട്ടിയും ഒടിച്ചുമടക്കിയും
തൂക്കിയിട്ടും ചോര വാര്‍ത്തും
പേരറിയാത്ത മനുഷ്യര്‍ പിടച്ചിരുന്ന
പീഡനമുറിക്കാഴ്ച്ചക്ക് പുറത്ത്‌
പാത്തി വലിക്കുമ്പോള്‍
ആരാച്ചാരുടെ മഴു വീണ്
തടവുകാരന്‍ മരിച്ചു വീഴുന്ന
മരക്കളിപ്പാട്ടത്തിനു മുന്നില്‍
കൌതുകം വിടര്‍ത്തുന്ന
അഞ്ചു വയസുള്ള നീലക്കണ്ണുകള്‍
ചങ്കില്‍ വെള്ളിടി വീഴ്ത്തുമ്പോള്‍

അമ്മാവനാല്‍ ചതിക്കപ്പെട്ട
പിഞ്ചു രാജകുമാരന്മാരുടെ
കഥ വായിച്ച്
കാഴ്ചക്കാര്‍
കൊലയാളിയെ വോട്ടു ചെയ്തു
തെരഞ്ഞെടുക്കുന്നിടത്ത്
കയ്യിലറിയാതെ വന്നു തൊട്ട
കുരുന്നിന്റെ മുഖത്ത്
ചോര നിഴല്‍ കണ്ടു
നടുങ്ങുമ്പോള്‍

അധികാരചിഹ്നങ്ങള്‍
ഇരകളെ മാത്രം ഓര്‍മപ്പെടുത്തുമ്പോള്‍

അപ്പോഴൊക്കെയാണ്
അവിടെയൊക്കെയാണ്
അങ്ങനെയൊക്കെയാണ് പ്രിയനേ
ഞാന്‍ തോറ്റു പോകുന്നത്....