Monday, January 20, 2014

ഞാൻ പ്രണയിച്ചവരോട്‌

ഞാൻ പ്രണയിച്ചവരോട്‌
എനിക്കസൂയയാണു

അത്രമേൽ
ആരുമെന്നെ
പ്രണയിക്കാഞ്ഞതെന്ത്‌?

ചുണ്ടുകൾ നുകരും മുമ്പേ
കണ്ണിലെ കടൽ
കാണാഞ്ഞതെന്ത്‌?

മുലകളിൽ തൊടും മുമ്പേ
നടുവിൽ വിങ്ങി നിന്ന
മിടിപ്പ്‌
തൊട്ടു നോക്കാഞ്ഞതെന്ത്‌?

ഉടലുകൾ ചേരും മുമ്പേ
എന്റെ കൈ നിന്റെ നെഞ്ചോടു
ചേർക്കാഞ്ഞതെന്ത്‌?

Tuesday, November 12, 2013

പുതപ്പ്

കുറെ നാളായിട്ട്
തിരയുകയാണ്
ആ പുതപ്പ്

ഇരുട്ട് ഭയന്ന് ചുരുളുമ്പൊഴും
വെളിച്ചക്കുത്തേറ്റു വലിയുമ്പൊഴും
പെരുമ്പറക്കാറ്റില്‍ കാതടയ്ക്കുമ്പൊഴും
ചോരക്കനവുകളില്‍ വഴുക്കിവീഴുമ്പൊഴും

കാലം തെറ്റിയ മഴയില്‍
കുതിര്‍ന്നു വിറച്ചപ്പൊഴും
പ്രണയം പോലെ ശൈത്യം
തൊലിതുളച്ചിറങ്ങിയപ്പൊഴും

അസ്ഥിപ്പുറത്തൊരു സ്നേഹക്കടല്‍
വേലിയേറിയിറങ്ങിയപ്പൊഴും
വലിഞ്ഞു പൊട്ടിയ ഞരമ്പിന്‍മേലൊരു
കാമപ്പക്ഷി കുറുകിയപ്പൊഴും

എന്‍റെയെന്റെയെന്ന
ചുടുവീര്‍പ്പോടെ
പരസ്പരം
പുതപ്പിച്ചിരുന്നത്

എവിടെപ്പോയത്?

Friday, November 1, 2013

നുറുങ്ങുകള്‍

നഗ്നത
ഉടല്‍
പറിച്ചൂരിയെരിഞ്ഞു
നഗ്നമായ്‌
നില്പാണ്

പിന്നെയും
ശൂന്യതയില്‍ നിന്ന്
പടപടാ
മിടിക്കണതെങ്ങനാണ്
നീ!

അരുത്
കയ്പ്പെഴുതാം
കനലെഴുതാം
കവിതയെഴുതാന്‍ മാത്രം
പറയല്ലേ പൊന്നേ

Friday, October 4, 2013

തോറ്റു പോകുന്നത്

- @ Tower of London Museum

നിന്‍റെ വിസ്മയക്കണ്ണില്‍ തെളിയുന്ന
രത്നകിരീടങ്ങള്‍ക്കും
മുത്തുമാലകള്‍ക്കും
ദാഹവും വിശപ്പുമറിയാത്ത
സ്വര്‍ണപ്പാത്രങ്ങള്‍ക്കും
കറയും കീറലും ചുളിവുമറിഞ്ഞിട്ടില്ലാത്ത
പട്ടുതിളക്കങ്ങള്‍ക്കും
അപ്പുറത്തെ ഇരുണ്ട കോണില്‍ നിന്ന്
വിശപ്പ്‌ തിന്നുണങ്ങിയ
രണ്ടമ്മമുലകളുടെ നെടുവീര്‍പ്പ്
നെഞ്ചില്‍ വന്നു തൊട്ടു
പൊള്ളിക്കുമ്പോള്‍

ലോഹപ്പടച്ചട്ടകളും പടവാളുകളും
തോക്കുകളും പീരങ്കികളും
നിരത്തി വെച്ച
കൊളോനിയല്‍ യുദ്ധസ്മാരകപ്രദര്‍ശനത്തില്‍
പടക്കുതിരകളുടെ അഴകിന്‍ നിറവില്‍
ആവേശഭരിതനായി നീ നില്‍ക്കെ
ചങ്ക് മുറിഞ്ഞു പോയൊരു പടയാളിയുടെ
പാതിയില്‍ നിലച്ച ഒരാര്‍ത്തനാദം
കാതില്‍ വന്നലച്ചു ഞാന്‍
മുറിപ്പെടുമ്പോള്‍

വലിച്ചുനീട്ടിയും ഒടിച്ചുമടക്കിയും
തൂക്കിയിട്ടും ചോര വാര്‍ത്തും
പേരറിയാത്ത മനുഷ്യര്‍ പിടച്ചിരുന്ന
പീഡനമുറിക്കാഴ്ച്ചക്ക് പുറത്ത്‌
പാത്തി വലിക്കുമ്പോള്‍
ആരാച്ചാരുടെ മഴു വീണ്
തടവുകാരന്‍ മരിച്ചു വീഴുന്ന
മരക്കളിപ്പാട്ടത്തിനു മുന്നില്‍
കൌതുകം വിടര്‍ത്തുന്ന
അഞ്ചു വയസുള്ള നീലക്കണ്ണുകള്‍
ചങ്കില്‍ വെള്ളിടി വീഴ്ത്തുമ്പോള്‍

അമ്മാവനാല്‍ ചതിക്കപ്പെട്ട
പിഞ്ചു രാജകുമാരന്മാരുടെ
കഥ വായിച്ച്
കാഴ്ചക്കാര്‍
കൊലയാളിയെ വോട്ടു ചെയ്തു
തെരഞ്ഞെടുക്കുന്നിടത്ത്
കയ്യിലറിയാതെ വന്നു തൊട്ട
കുരുന്നിന്റെ മുഖത്ത്
ചോര നിഴല്‍ കണ്ടു
നടുങ്ങുമ്പോള്‍

അധികാരചിഹ്നങ്ങള്‍
ഇരകളെ മാത്രം ഓര്‍മപ്പെടുത്തുമ്പോള്‍

അപ്പോഴൊക്കെയാണ്
അവിടെയൊക്കെയാണ്
അങ്ങനെയൊക്കെയാണ് പ്രിയനേ
ഞാന്‍ തോറ്റു പോകുന്നത്....


Friday, December 7, 2012

അപൂര്‍വയിനം

ആദ്യം
ഒരു മണപ്പിക്കലായിരുന്നു;
വലിച്ചടുപ്പിക്കും പോലൊരു ശ്വാസം...
പ്രണയം കൂര്‍ത്തു നിന്ന കണ്ണുകള്‍
ഒരുച്ച്വാസത്തിലടയുന്നത്
നോക്കിനിന്നപ്പോഴാണ്
നെറ്റി വിയര്‍ത്തു പൊള്ളിയത്

'മൊട്ടായിട്ടേ ഉള്ളൂ; രണ്ടു നാള്‍ കഴിയട്ടെ'
എന്നവന്‍ പോയി...
പിന്നെ ഒരു കാത്തിരിപ്പാണ്...

ഇടയ്ക്കു വന്നൂ ചിലരൊക്കെ;
കട പുഴക്കിയെടുക്കാനൊരു കാറ്റ്
പാടേ നനച്ചൊരു കള്ളന്‍ മഴ
മുരണ്ടു മുരണ്ടൊരു വഷളന്‍ വണ്ട്‌
കുടഞ്ഞെറിഞ്ഞ പുഴുക്കള്‍ തന്നെയെന്ന് തോന്നി
ചന്തത്തില്‍ ചിറകു നീര്‍ത്തി വീണ്ടും വന്നത്

മതിലിന്റെ വിടവിലൂടെ നീണ്ടു വന്നൊരു കൈ
ഓടി വന്നവന്‍ തട്ടി മാറ്റി
'ആര്‍ക്കും കൊടുക്കില്ല നിന്നെ!';
നെറുകയിലൊരു നനവുള്ള ചൂടറിഞ്ഞു...

നിലാവും മഞ്ഞും കലര്‍ന്നങ്ങനെ
പതഞ്ഞു പതഞ്ഞോഴുകിയിട്ടും
വിട്ടുമാറാത്ത ആ ചൂട് തട്ടിയാകണം
അന്ന് രാത്രി പൊട്ടി വിടര്‍ന്നത്;
നീണ്ടോരുറക്കത്തില്‍ നിന്ന് ഞെട്ടി മിഴിച്ച്
ഇതളെല്ലാം താനേ നീര്‍ന്നു വന്നു...

രാവിലെ
പറിച്ചെടുത്തപ്പോള്‍ നോവറിഞ്ഞില്ല;
ഒരു മോഹമയക്കത്തിലായിരുന്നു
പച്ച ഞരമ്പുകള്‍ തിങ്ങിയ
തണ്ടിനുള്ളില്‍ നിന്നൊരു നിലവിളി കേട്ടോ?
മണ്ണിന്റെ പുഴുക്കങ്ങളില്‍
അമര്‍ന്നുപോയ വേരുകള്‍ നെടുവീര്‍പ്പിട്ടോ?
തോന്നിയതാകണം

ചോര പൊടിയുന്നൊരു ചുംബനം കാത്ത്
കൂമ്പിയ കണ്ണുകള്‍ തുറന്നത്
കട്ടിയുള്ള ഗ്ലാസ്‌ പ്രതലത്തിന്‍റെ
തണുപ്പിലേക്കാണ്
മദ്യമേശക്കപ്പുറത്തു നിന്നു
നീണ്ടു വന്ന കണ്ണുകളോട്
കണ്ണിറുക്കി കൊണ്ടവന്‍ പറഞ്ഞു;

'അപൂര്‍വയിനമാണ്
മൂന്നാല് ദിവസമെങ്കിലും
വാടാതെ നില്‍ക്കും
വാടുന്നതിനു മുന്‍പേ
വറീത് ചേട്ടന്റെ കടയില്‍ കൊടുക്കാം
ഇതിനിപ്പോള്‍ നല്ല മാര്‍ക്കറ്റ് ആണത്രേ...'

Wednesday, October 17, 2012

മഴപ്പാറ്റ

പൊള്ളുമെന്നു ഭയന്ന്
തീയോടടുക്കാതിരുന്നതിനാല്‍
ജന്മോദ്ദേശ്യം മറന്ന
ഒരീയാംപാറ്റ
ഇന്നലെ മഴയത്തു
ചത്തു വീണത്‌
നീ കണ്ടിരുന്നോ?

രാത്രി വിളക്കുകള്‍
നാളെയും കത്തുമ്പോള്‍
ഇനിയും പിറക്കാമെന്നു
അത് കിനാവ്‌ കാണുന്നുണ്ടായിരുന്നു...
ഇത്തിരി വെളിച്ചം
വായ്ക്കരിയായി
അതിരക്കുന്നുണ്ടായിരുന്നു!

അതിരുകള്‍

ആളരുതൊരിക്കലും
പുറം കാഴ്ച വിലക്കിയ
ചുറ്റുമതിലുകളുടെ
പുക പിടിച്ച ഗര്‍വ്വിനുമപ്പുറം

ഒഴുകരുതൊരിക്കലും
നാളെയുടെ സ്വപ്നങ്ങളില്‍
വറുതി വിതച്ചു നിവര്‍ന്നു നിന്ന
അണക്കെട്ടുകള്‍ക്കപ്പുറം

പറക്കരുതൊരിക്കലും
ആകാശങ്ങള്‍ കൊതിച്ച്
മുഷിഞ്ഞ നിയമങ്ങളുടെ
മേല്‍ക്കൂര മറി കടന്ന്

വളരരുതൊരിക്കലും
ഇരുട്ട് മാറാല ചുറ്റിയ
ഇടുങ്ങിയ മനസ്സുകളുടെ
കാഴ്ച്ചപ്പുറങ്ങള്‍ കടന്ന്

തളിര്ക്കരുതൊരിക്കലും
കാവല്‍ ദൈവങ്ങള്‍
വരള്‍ച്ച വിതച്ചു കൊയ്യുന്ന
മരുപ്രദേശങ്ങളില്‍

പൂക്കരുതൊരിക്കലും
ഗന്ധങ്ങളറിയാത്ത
മരവിച്ച മൂക്കുകളുടെ
ശ്വാസ വായുവിന്‍ കീഴില്‍

പടരരുതൊരിക്കലും
അറിവും കനിവുമായി
അയല്‍ ഗോത്രത്തിലെ
ആണ്‍ ഞരമ്പുകളില്‍

കനിയരുതൊരിക്കലും
ശത്രു പാളയത്തില്‍
വിശപ്പ്‌ ചവക്കുന്ന
കുഞ്ഞിന്റെ നിലവിളിയില്‍

ചെറുക്കരുതൊരിക്കലും
വിചാരണക്ക് മുമ്പേ
വിധി കല്പിച്ചവരുടെ
അങ്കപ്പുറപ്പാടുകളെ

അറിയരുതൊരിക്കലും
അണ മുറിക്കാനായുന്ന
ആത്മരോഷത്തിന്റെ
പൊള്ളുന്ന ചീളുകളെ!
- Year 2003

ഗന്ധര്‍വ പര്‍വ്വം

നാഗദൈവങ്ങളുടെ കാവ്‌ തീണ്ടി
കോലച്ചമയങ്ങളുടെ കാഴ്ച്ചപ്പുറം കടന്നു
ഗന്ധര്‍വന്‍ വരാതിരിക്കില്ല...

ഉള്‍ പൊട്ടി വിടര്‍ന്ന കാക്കപ്പൂക്കളുടെ ആത്മാവിലും
അശാന്തിപ്പിറവുകളുടെ കൂട്ട വിലാപത്തിലും
ഇരുള്‍ തേളുകളുടെ വേരുവിട്ട പ്രയാണങ്ങളിലും
അസ്ഥിത്തറകളുടെ നിലക്കാത്ത മന്ത്രണങ്ങളിലും
ഗന്ധര്‍വന്‍ നിര്‍ത്താതെ പെയ്യുന്നുണ്ട്...

മഴച്ചിറകുകളുള്ള
കാറ്റിന്റെ സ്പര്‍ശമുള്ള
രാപ്പൂക്കളുടെ മണമുള്ള
നനഞ്ഞ മണ്ണിന്റെ നിശ്വാസമുള്ള
നക്ഷത്ര കണ്ണുകളുള്ള
ഗന്ധര്‍വന്‍............!...... ......

കണ്ണാടിയുടെ മുഖമുള്ള ഒരു പെണ്‍ കാഴ്ചയിലേക്ക്
ഭ്രാന്ത് ചൊരുക്കുന്ന പകല്‍ പിറവുകളിലേക്ക്
ഉറഞ്ഞു കറുത്ത ശാപക്കല്ലുകളുടെ ഉടയാത്ത മൌനത്തിലേക്ക്‌
ആഴത്തിലുറച്ച വേരുകളുടെ വിഷച്ചൂരിലേക്ക്
ചന്ദന നിറമുള്ള വിരലുകളിലെ നീണ്ട നഖങ്ങള്‍
ഗന്ധര്‍വന്‍ ആഞ്ഞിറക്കുന്നുണ്ട്...

വെളിപ്പെടലുകള്‍ അകത്തു ചുര മാന്തുമ്പോള്‍
കണ്ണാടികള്‍ പേടിപ്പെടുത്തുമ്പോള്‍
അഴികള്‍ക്കകത്ത്‌ നിന്ന് ഒരു തൂവലില്ലാ പക്ഷി
ചോരച്ച അനന്തതയിലേക്ക്!
- Year 2003

പുനര്‍ജ്ജനി

പുനര്‍ജ്ജനിയുടെ ശംഖു മുഴങ്ങും മുമ്പേ
ഇന്നലെകള്‍ക്ക് വായ്ക്കരി ഇടണമെന്നത് 
പ്രകൃതി നിയമം

വാക്കുകളില്‍ കയ്പ്പ് ചവക്കും മുമ്പേ
നാവു താഴ്ത്തി മടങ്ങണമെന്നത്
സാമാന്യ നിയമം

നിയമങ്ങള്‍ക്കു പുറത്തു നിന്നവര്‍
പിതൃ കര്‍മത്തിനയോഗ്യരെന്നു
നിങ്ങളുടെ നിയമം

വിധി ന്യായങ്ങളുടെ ചുഴലിയടങ്ങുമ്പോള്‍ 
എന്നിലുയിര്‍ക്കാന്‍ പോകുന്നത്
സങ്കല്‍പ്പങ്ങളുടെ നിയമരാഹിത്യം...

നേരുകളുടെ വെയില്‍ ഒടുങ്ങുമ്പോള്‍
എന്നിലുണരാന്‍ പോകുന്നത്
ഗന്ധര്‍വ പര്‍വ്വത്തിന്റെ സ്വപ്നാവര്‍ത്തനം...
 - Year 2003

സ്വന്തം

എന്റേതെന്നു എണ്ണിനിറുത്തി
നിങ്ങള്‍ കൂട്ടിലടക്കവേ
നഷ്ടപ്പെടുന്ന ആകാശമാകുന്നു
 എന്റെ സ്നേഹം...

വാതിലുകള്‍ നഷ്ടപ്പെട്ട മുറിയില്‍
ജനലഴികള്‍ക്കിടയിലൂടെ
മുഖത്ത് ചാറി വീഴുന്ന മഴയാകുന്നു
എന്റെ പ്രണയം...

വെയില്‍ പൊള്ളാതിരിക്കാന്‍
കൂടാരങ്ങള്‍ കെട്ടവേ
 മുട്ടി വിളിച്ചു തിരിച്ചു പോകുന്ന കാറ്റാകുന്നു
എന്റെ സ്വപ്നം...

അടക്കിയ ഒരാശ്ലേഷത്തില്‍
കരയെ പൊതിഞ്ഞു
തിരയോടൊപ്പം കടലിലേക്ക്‌ മടങ്ങുന്നു
എന്റെ ഉന്മാദം...
- Year 2003

എന്റെ കവിത

ഈ നിമിഷത്തിന്റെ ചോരയില്‍ നിന്നും
കവിത പിറന്നു വീഴുന്നു
ഉടഞ്ഞ ചില്ലുകള്‍ ചിതറിയ നിലത്തു
അത് പിച്ച വെക്കുന്നു
ഉയിര്‍ക്കാതെ പോയ ഒരു നിലവിളി
അതിനു ശ്വാസമാകുന്നു
ഒഴുക്കാതെ പോയ ഉള്‍ പ്രളയങ്ങള്‍
ദാഹജലമാകുന്നു
പൊട്ടി തെറിക്കാതിരുന്ന അഗ്നി പര്‍വതങ്ങള്‍
കണ്ണിലെ വിളക്കാകുന്നു
ഉരുവിടാത്ത വാക്കുകളുടെ പിടച്ചില്‍
ഭാഷയാകുന്നു
ഉള്ളു നടുങ്ങിയ തിരിച്ചറിവുകള്‍
ആത്മാവാകുന്നു
കവിഞ്ഞൊഴുകിയ കിനാക്കളുടെ തിളക്കം
പുഞ്ചിരിയാകുന്നു
വഴി മാറിപ്പോയൊരു മഞ്ഞുകാലം
വിതുമ്പലാകുന്നു
ഒരു വെറും പ്രാണന്റെ വെറും വേദന
ജീവനാകുന്നു
- Year 2003

വാക്ക് വിഴുങ്ങിയ പക്ഷി

ഇന്ന്
അക്ഷരങ്ങള്‍ തിന്നുന്ന
പക്ഷിയെ കണ്ടു

അവ വാക്കുകളായി തീരുമെന്ന്
ഭയന്നിട്ടെന്ന പോലെ
പക്ഷി അക്ഷരങ്ങള്‍
വിഴുങ്ങി കൊണ്ടിരുന്നു

ചില  വാക്കുകള്‍
അനുസരണയില്ലാതെ
കൊക്കില്‍ നിന്ന് വഴുതി
പറന്നു നടന്നു

പെട്ടെന്നൊരു നിമിഷം
ഓര്‍ക്കാപ്പുറത്താണ്
അതുണ്ടായത്

ഒരുള്‍വിളിയാലെന്നപോലെ
പക്ഷി
വാക്കുകള്‍ പ്രസവിച്ചു തുടങ്ങി

ചവറു പോലെ
കുന്നു കൂടിയ
വാക്കുകള്‍ക്കിടയില്‍
പക്ഷി ഇപ്പോള്‍
പിടഞ്ഞു തുടങ്ങിയിരിക്കുന്നു...
- Year 2003

മഞ്ഞുടുപ്പ്

മഞ്ഞുടുപ്പ് ഊരിയെറിഞ്ഞു
പെണ്കുട്ടി
കനലുടുപ്പ് തേടി
നടന്നു തുടങ്ങി...

ഓരോ കാല്‍ വെപ്പിലും
അവളിലെ ശേഷിക്കുന്ന മഞ്ഞും
ഉരുകി കൊണ്ടിരുന്നു...

ഒടുവില്‍
കനല്‍ വാരിയണിയാനായവേ
അവളിലെ അവസാനത്തെ തുള്ളിയും
അലിഞ്ഞു തീര്‍ന്നു...

അവള്‍
മഞ്ഞുപ്രതിമയായിരുന്നു...
- Year 2003

നിന്നോട് പറയാനുള്ളത്

പകല്‍ ചിരികളുടെ അന്തിത്തിരി
പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുമ്പോള്‍
ആഴങ്ങളിലേക്ക് കണ്ണ് നീട്ടാനുഴറുന്ന നിന്നോട്
എന്താണ് പറയുക...
ഇല്ലാ വാക്കുകളുടെ കറുത്ത വെയില്‍ കോരി
കണ്ണുകള്‍ കറുപ്പിക്കയല്ലാതെ...

സ്വപ്നാടനങ്ങളില്‍ നിന്നുള്ള ഉണര്ച്ചയെ
നീയും  ഭയന്നിരുന്നോ...
കിനാക്കളുടെ  കാവല്മാടം തകര്‍ത്തു
നിന്റെ  മൌനവും കരഞ്ഞിരുന്നോ...

വെറുതെ പൊട്ടിയൊഴുകുന്ന
ഈ കണ്ണുകള്‍ എന്തിനെന്ന്
അരിശപ്പെട്ടു കൊണ്ടിരുന്നു ഞാന്‍...

വ്യര്‍ത്ഥതയുടെ നരച്ച നിഴലുകള്‍ക്ക്
സാമ്യതയുടെ നിറങ്ങള്‍ ഉടുപ്പിച്ച്
നാം പരസ്പരം ചിരിച്ചു കൊണ്ടിരുന്നു...

നമുക്ക് ചുറ്റും പകലിന് ഭ്രാന്ത് പിടിച്ചപ്പോഴും
നമുക്കിടയില്‍ ഇരുട്ട് തല തല്ലി വീണപ്പോഴും
നഷ്ടക്കണക്കുകള്‍ എണ്ണാന്‍ മടിച്ചു
വെളിച്ചപ്പൊട്ടുകള്‍ എണ്ണി നാമിരുന്നു...
നടുക്കെരിഞ്ഞു നിന്ന നെരിപ്പോടില്‍
നേരുകള്‍  നീറിയടങ്ങി...

ഇനി പൂര്‍വ ജന്മ കാഴ്ചകളില്‍ എള്ളും പൂവും വെച്ച്
അഗ്നി പ്രവേശത്തിനൊരുങ്ങാം
ഇരുട്ട് കെട്ടു പോകും മുമ്പേ
കണ്ണുകള്‍ ഇറുക്കി അടക്കാം...
- Year 2003

അവര്‍

ഇരുട്ടിനെ കൈപ്പിടിയില്‍ ഒതുക്കിയവര്‍
സ്വപ്നങ്ങള്‍ക്ക് വില പേശാറില്ല 
പുറത്തെ വെളിച്ചത്തില്‍ അന്ധരാകുമ്പോള്‍
അവ കവര്ന്നെടുക്കപ്പെട്ടത്‌
അറിയാതിരിക്കുകയെ ഉള്ളു

കഴുകന്‍ നഖങ്ങളുള്ളവര്‍
ദൃഷ്ടിപ്പുറത്തു മുഖമെത്തിക്കാറില്ല
കണ്ണുകള്‍ ചൂഴ്ന്ന ശേഷമേ
അവരുടെ നഖങ്ങള്‍
ആത്മാവോളം വ്യാപിക്കാറുള്ളൂ

ആകാശ വചനങ്ങള്‍ക്ക്
ചെവി കൊടുക്കാതിരിക്കാനാവില്ല
നിങ്ങളുടെ ചെവികള്‍ അവരുടേത്
ജ്ഞാന ദൈവങ്ങളുടെ കൊലവിളികള്‍
ഏറ്റു പാടാതിരിക്കാനാവില്ല
നിങ്ങളുടെ നാവുകള്‍ അവരുടേത്

കൈകള്‍ അവരുടേത്
ശ്വാസം അവരുടേത്
തലച്ചോറ് അവരുടേത്
എഴുതുന്ന മഷി അവരുടേത്
ചരിത്രത്തിന്റെ ഭാഷ അവരുടേത്

ഉവ്വ് തലയ്ക്കു മീതെ തന്നെയുണ്ട്‌
ഡിമോക്ലുസിന്റെ വാള്‍! 
- Year 2002

ആത്മക്കൂട്

അവസാനത്തേതെന്ന്
ഞാന്‍ വീണ്ടും വ്യാമോഹിക്കുന്ന
തീരുമാനം ഇതാ...

ഇനി നിങ്ങള്‍ക്ക്
കീറി മുറിച്ചു പരിശോധിക്കാന്‍
എന്റെ ആത്മാവിനെ ഞാന്‍
വിട്ടു തരികയില്ല

അതിനെ ഞാന്‍
സ്വര്‍ണയഴികളുള്ള
സ്വപ്നക്കൂട്ടിലൊളിപ്പിക്കും
അന്നം തേടി
അതിനി അലഞ്ഞു നടക്കയില്ല
അഴികള്‍ക്കിപ്പുറത്തു നിന്ന്
ഞാനതിന്‌
തേനും പാലും നല്‍കും

ആത്മാവ്
സുരക്ഷിതമായൊളിപ്പിച്ചതിനാല്‍
ഇനിയെനിക്ക്
ആകാശങ്ങളിലേക്ക് പറക്കാം
ആഴക്കടലിലേക്ക് ഊളിയിടാം
പര്‍വതങ്ങളോട് സൊറ പറഞ്ഞ്
താഴ്വരകളെ  തൊട്ടുരുമ്മി
പൊട്ടിച്ചിരിച്ച് പൊട്ടിക്കരഞ്ഞ്
സ്വസ്ഥമായൊഴുകാം
കാറ്റിനൊപ്പം വീശാം
മഴക്കൊപ്പം പെയ്യാം

എന്റേതായി യാതൊന്നും എവിടെയും
പൊഴിഞ്ഞു വീഴുകയില്ല
യാതൊന്നും എന്നിലേക്ക്
ചേര്‍ക്കപ്പെടുകയുമില്ല

അങ്ങനെ  ഞാന്‍
എന്റെ വിലങ്ങുകള്‍
ഉപേക്ഷിക്കാന്‍
പോവുകയാണ്
- Year 2002

മറ്റെന്തു വഴി

സുഹൃത്തേ
ഞാനെന്റെ നിഴലില്‍ നിന്നും
സ്വതന്ത്രയാവാന്‍
ആഗ്രഹിക്കുന്നു

കൊല്ലുകയോ
കളയുകയോ
എന്ത് വേണമെന്നറിഞ്ഞു കൂടാ!
ഒന്നുറപ്പ്;
അതെനിക്ക് വേണ്ടാ...

'ഒറ്റക്കെന്തേ' എന്നാ ചോദ്യങ്ങള്‍ക്ക്
ഇഷ്ടപ്രകാരമെന്നു പുഞ്ചിരിക്കുമ്പോള്‍
പിറകില്‍ നിന്നത്
പൊട്ടിച്ചിരിക്കുന്നു;
ഞാന്‍ നുണ പറഞ്ഞെന്ന മട്ട്!

ഉത്തരം മുട്ടുന്ന പരാതികള്‍ക്ക്
മറവിയില്‍ അഭയം തേടുമ്പോള്‍
പുച്ഛം പരന്ന മുഖം കോട്ടല്‍;
ഞാന്‍ കള്ളിയെന്ന പോലെ!

ആത്മനിന്ദയുടെ മുള്‍പ്പടര്‍പ്പില്‍
പോറി മുറിയുമ്പോള്‍
പരിഹാസം ചാലിച്ച
സഹതാപത്തിന്റെ തുടുപ്പ്;
കഷ്ടം  എന്നൊരു ചിരി!

ആരവങ്ങളുടെ ലോകത്തു നിന്ന്
പകച്ചു  പിന്മാറുമ്പോള്‍
നിനക്ക് പറഞ്ഞതല്ലെന്നു
മുള്ള് തറഞ്ഞ സാന്ത്വനം;
ഞാന്‍ വെറും പൂജ്യമെന്നു പഴി!

അവരുടെ മൂശകളില്‍
പാകപ്പെടുന്നില്ലെന്നറിഞ്ഞു
അകത്തളങ്ങളിലേക്കു
വലിയുമ്പോള്‍
അതിന്റെ പടര്‍ന്ന ഇരുളിന്
മരണത്തിന്റെ മണം;
ഞാന്‍ ജീവിക്കാനരുതാത്തവളെന്ന പോലെ!

പറയൂ സുഹൃത്തേ
മരണത്തെ ഭയക്കുന്ന
പഴികളെ വെറുക്കുന്ന എനിക്ക്
മറ്റെന്തു വഴി!?
- Year 2002

ഞാന്‍ ചോദിച്ചത്

സുഹൃത്തെ
നിന്റെ കാഴ്ചയല്ല ഞാന്‍ ചോദിച്ചത്
എന്റെ കണ്ണുകളെ
ഒളിപ്പിക്കാനൊരിടം
എന്റെ കാഴ്ചകളെ
പൂഴ്ത്താനൊരിടം

നിന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ കവരില്ല
എന്റെ പെക്കിനാവുകളെ
താങ്ങാനൊരാകാശം തരൂ...
നിന്നെ കണ്ണിലെ ഉപ്പുനീര്‍
എന്റെ ദാഹം തീര്‍ക്കില്ല
കനലുരുക്കാന്‍
എനിക്കിറ്റു മഞ്ഞു തരൂ...

വരണ്ട മണ്ണിന്റെ വന്ധ്യതയില്‍
നിന്റെ സ്നേഹത്തിന്റെ വിത്ത്
ഉയിരറ്റു പോകാതിരിക്കാന്‍
എന്റെ പ്രാണനിലൊഴുക്കാന്‍
ഒരു പുഴ തരൂ...
- Year 2002

കൃഷ്ണപ്രിയാ

കൃഷ്ണപ്രിയാ
നിനക്ക് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന്
നിന്റെ കണ്ണുകള്‍ എന്നോട് പറഞ്ഞു...
മുന്‍പേജില്‍ അച്ചടിച്ച ചിത്രത്തിലെ കണ്ണുകള്‍!

താഴെ
കീറിപ്പറിഞ്ഞ ബാല്യത്തിന്റെ ചോരയില്‍
അനക്കമറ്റ നിന്റെ ചിത്രം!
അതിലെ കണ്ണുകള്‍
ആകാശത്തേക്ക് കുടിയേറിയിരുന്നു...
നിന്റെ ചുണ്ടിലെ നിലാവ്
ഇരുട്ട് കവര്ന്നെടുത്തിരുന്നു...

ഉള്ളു പറിഞ്ഞ ഒരു നടുക്കത്തില്‍
ഉടല്‍ വിറച്ചപ്പോള്‍
എന്റെ പ്രതിരോധം
ദുര്‍ബലമാകുന്നത് ഞാനറിഞ്ഞു...
വാക്കുകളുടെ അര്‍ത്ഥശൂന്യത
നാവിന്‍ തുമ്പില്‍ കയ്ക്കുന്നതും
അഭയമറ്റ ആശയങ്ങളുടെ കൂട്
തുരുമ്പിച്ചു തകരുന്നതും
എന്റെ കൈകളുടെ നിഷ്ക്രിയത
എന്നെ നോക്കി പല്ലിളിക്കുന്നതും
ഞാന്‍ കണ്ടു നിന്നു...

കഴുകാന്‍ നഖങ്ങളുടെ ആര്‍ത്തി
നിന്നിലവസാനത്തെ പിടച്ചിലിനുമേല്‍
അമരുമ്പോഴും
നിന്റെ കണ്ണുകളിലെയീ ചോദ്യം
കെടാതെ കത്തിയിരിക്കാം!

പൊള്ളിക്കുന്ന ആ ചോദ്യത്താല്‍
വേട്ടയാടപ്പെട്ട്‌
മറുപടിയില്ലാതെ
പതറി വിറച്ച്
നിന്റെ മാപ്പര്‍ഹിക്കാത്ത ലോകം
മുട്ടുകാലില്‍, മുഖം കുനിച്ച്
പ്രളയം വരെ!?
- Year 2001

എന്നോട് നീ പൂക്കള്‍ ചോദിക്കരുത്

സുഹൃത്തെ
എന്നോട് നീ പൂക്കള്‍ ചോദിക്കരുത്...
കരിഞ്ഞു വീഴുമെന്നു ഭയന്ന്
എന്റെ പൂമരമിപ്പോള്‍
പുഷ്പിക്കാറേയില്ല!

എന്നോട്  നീ സ്വപ്‌നങ്ങള്‍ ചോദിക്കരുത്...
ചീട്ടു കൊട്ടാരങ്ങള്‍
നിലം പതിച്ചേക്കുമെന്നോര്‍ത്തു
ഞാനിപ്പോള്‍
കിനാവ്‌ കാണാറേയില്ല!

എന്നോട്  നിറങ്ങള്‍ ആവശ്യപ്പെടരുത്...
കറുപ്പും  വെളുപ്പുമൊഴിച്ചു
എന്റെ ലോകത്തിപ്പോള്‍
വര്‍ണങ്ങളെയില്ല!

എന്നോട് നീ നക്ഷത്രങ്ങള്‍ ചോദിക്കരുത്...
എനിക്കനുവദിക്കപ്പെട്ട വാനില്‍
ഇരുട്ടിനു പുറമെയിപ്പോള്‍
ഒന്നും തന്നെയില്ല!

എന്റെ കണ്ണീര്‍ ചോദിക്കരുത്...
ചിറ കെട്ടി നിര്‍ത്തിയ
വറ്റാത്ത ഉറവകളിപ്പോള്‍
പൊടി നനവിനപ്പുറം
പെയ്യാറേയില്ല!

എന്നോട്  പുഞ്ചിരിക്കാന്‍ പറയരുത്...
അര്‍ത്ഥശൂന്യമായ
അട്ടഹാസങ്ങള്‍ അല്ലാതെ
എന്റെ ചുണ്ടിലിപ്പോള്‍
ചിരി വിടരാറേയില്ല!

എന്നോട് പാടാന്‍ പറയരുത്...
അരുതായ്മകളുടെ ചുവരുകള്‍ക്കിപ്പുറത്തു നിന്ന്
എന്റെ രാഗങ്ങളിപ്പോള്‍
പുറത്തു കേള്‍ക്കാറേയില്ല!

എന്നോട് നൃത്തം ചെയ്യാന്‍ പറയരുത്...
ആകാശത്തെ തടയുന്ന
മേല്‍ക്കൂരയ്ക്കു കീഴെ
എന്റെ മനസ്സിപ്പോള്‍
പീലി നീര്‍ത്താറേയില്ല!

എന്നോട് നീ സ്നേഹം ചോദിക്കരുത്...
നിറഞ്ഞു തുളുമ്പിയേക്കും എന്നതിനാല്‍
താഴിട്ട കലവറ ഞാനിപ്പോള്‍
തുറക്കാറേയില്ല!

എന്റെ ആത്മാവ് ചോദിക്കരുത്...
മുള്ള് തറഞ്ഞ ചോരക്കപ്പുറം
ഉറഞ്ഞ നിശ്ചലതക്കപ്പുറം
അതിനിപ്പോള്‍
പ്രാണസ്പന്ദനമേയില്ല!
- Year 2002

ജനാലകള്‍ മാത്രമുള്ള മുറി

മുറിക്കകത്തിരുന്നു ഞാന്‍
ഇടനാഴികളിലെ
അനക്കങ്ങള്‍ കേള്‍ക്കുന്നു...
മുറിഞ്ഞു  മുറിഞ്ഞു പോകുന്ന
കാലൊച്ചകള്‍!

പതിഞ്ഞവ പരന്നവ
ഒച്ചയുണ്ടാക്കുന്നവ
മൂര്ച്ചയുള്ളവ
കനത്തവ നേര്‍ത്തവ

എല്ലാം ഒച്ചകള്‍ മാത്രം...
മുഖങ്ങള്‍ക്കു  മുന്നില്‍
വാതിലുകള്‍
അടക്കപ്പെട്ടിരിക്കുന്നു...

ഉള്ളിലെ പുഴുക്കങ്ങളില്‍ നിന്ന്
ജനാലകള്‍ തുറക്കുമ്പോള്‍
അപ്പുറത്തെ  ജനാലകള്‍
അടഞ്ഞു കിടക്കുന്നു...

ജനാലയിലൂടെ ഈ മഴ
എന്നെ പ്രണയിക്കുന്നുവത്രേ...
മഴയിലേക്കിറങ്ങാന്‍
ഇവിടെ  വാതിലുകളില്ലല്ലോ...
മഴ  എന്നിലെക്കിറങ്ങാതെ
മുട്ടി വിളിച്ചു കൊണ്ടേയിരിക്കുന്നു...

എന്തെന്ന് തിരിച്ചറിയാനാവാത്ത
പിറുപിറുപ്പുകളിലൂടെ
ചുമരുകള്‍ക്കപ്പുറം
ആളുകള്‍ സംവദിക്കുന്നു...
ഇണങ്ങുന്നു പിണങ്ങുന്നു
ചിരിക്കുന്നു കരയുന്നു
വീഴുകയും എഴുന്നേല്‍ക്കുകയും
വീണ്ടും വീഴുകയും...

അഴികള്‍ക്കപ്പുറത്തു ആകാശം
പുഞ്ചിരിക്കുകയും
വിതുമ്പി  കരയുകയും
പൂക്കുകയും കായ്ക്കുകയും
കൊഴിയുകയും
കണ്‍ ചിമ്മുകയും തുറക്കുകയും
ചുരുങ്ങുകയും വികസിക്കുകയും
ചെയ്തു കൊണ്ടേ ഇരിക്കുകയും...

ഓര്‍മത്തെറ്റു പോലെ കാറ്റ്
കടന്നു വരുന്നു പോകുന്നു...
ഗന്ധങ്ങള്‍ ശ്വാസം നിറഞ്ഞു കവിഞ്ഞ്
ഒരൊറ്റ നിശ്വാസത്തില്‍
ഒഴിഞ്ഞു പോകുന്നു...

മേല്ക്കൂരകളില്‍
പൊട്ടിയ ചിറകിന്റെ ചോരച്ച പാടുകള്‍
കറുത്തിരിക്കുന്നു...
- Year 2002

എന്റെ ജനാലയിലെ കാറ്റാടി

എന്റെ ജനാലയില്‍
ഒരു  ചെറിയ കാറ്റാടി
എന്നും തിരിഞ്ഞു കൊണ്ടിരിക്കുന്നു...

ഓരോ കാറ്റും
അതിനൊരു ചലനം
സമ്മാനിച്ചിട്ട് പോകുന്നു...
ഓരോ മഴയിലും
അത് കുതിരുന്നു...
വെയിലില്‍ ഉണങ്ങുന്നു...

അകത്തെ കൊടുന്കാറ്റുകള്‍ക്കും
പുറത്തെ ഋതുഭേദങ്ങള്‍ക്കും നടുവില്‍
കാറ്റാടി പതറി വിറക്കുന്നു...
നേര്‍ത്ത ചിറകുകളില്‍
ഓരോ ഋതുവും
തന്നിട്ട് പോയ പോറലുകള്‍
മരിക്കാതെ നീരുന്നു...

എന്നിട്ടും
ഒരു നിയോഗം പോലെ
ഓരോ കാറ്റിലും
നൊന്തു പിടഞ്ഞ്
കാറ്റാടി തിരിഞ്ഞു കൊണ്ടേയിരിക്കുന്നു...
- Year 2002

നിഴല്‍ നൃത്തം

ഇപ്പോഴെന്റെ മുന്നിലെ പ്രശ്നം
ഈ ഭ്രാന്തന്‍ നിഴലുകള്‍ക്കിടയില്‍ നിന്ന്
എന്റെ നിഴല്‍ തിരിച്ചറിയുക
എന്നതാകുന്നു...

രൂപം കൊണ്ട് തിരിച്ചറിയുക വയ്യ...
എന്റെ രൂപം കളഞ്ഞു പോയെന്ന്
കണ്ണാടി പറഞ്ഞിരുന്നു...
എത്ര ചുഴിഞ്ഞു നോക്കിയിട്ടും
കാണാനായില്ല പ്രതിബിംബം!

പിണയുന്ന നിഴലുകള്‍ക്കു മുമ്പില്‍
ഞാനിരിപ്പാണ്
അനങ്ങാതെ
നൃത്തം  ചെയ്യുന്ന എന്റെ നിഴലിനെ
തിരിച്ചറിയാനോ
വീണ്ടെടുക്കാനോ
ആവാതെ...
- Year 2002

പഴയ ചില നുറുങ്ങുകള്‍...

ഇത്
ഇത്
വിരലിടറി വീണൊരക്ഷരം
വഴി വിട്ടു നടന്നൊരു വാക്ക്
കൂട് വിട്ടു പറന്നൊരു മനസ്സ്
വിരലില്‍ കുടുക്കാതെ
വഴിയില്‍ തളക്കാതെ
കൂട്ടില്‍ ബന്ധിക്കാതെ
കൂടെ നടക്കാന്‍
നിനക്കാവുമോ?

ഇനി
ഒരു മഷിത്തുള്ളിയില്‍ നീറുന്ന വാക്കും
ഒരു നെടുവീര്‍പ്പിലെന്‍ വേവുന്ന പ്രാണനും
ഒരു തുടം നനവിലെന്‍ അഴലിന്റെയുപ്പും
ഒരു പൊടിക്കാറ്റില്‍ നിറം മാഞ്ഞ സ്വപ്നവും
നെറുകില്‍ തറച്ചോരശാന്തി തന്‍ മുള്‍പ്പൂവില്‍
ഒരു വസന്തം കോര്‍ക്കാന്‍ ഉഴറുന്ന സത്തയും
ഒറ്റ നടപ്പാത നീളവേ
നെഞ്ചില്‍ ഉണരുന്നോരീ
ഓര്‍മ ചെരാതിന്‍ തിളക്കവും...

നിനക്ക്...
മറക്കാനാഗ്രഹിക്കുന്ന ഒരോര്‍മയല്ല
ഓര്‍ക്കാനാഗ്രഹിക്കുന്ന ഒരു മറവിയായിരിക്കട്ടെ
നിനക്ക് ഞാന്‍...

കിനാവ്‌
ഉള്‍നെഞ്ചു വേവുന്ന വേനലില്‍ വേവാതെ
പെരുമഴയില്‍ കുതിരാതെ
പൊടിക്കാറ്റില്‍ ഉലയാതെ
കണ്‍ കോണില്‍ കിനിയുന്നോരിറ്റു കിനാവിനെ
ആഴത്തില്‍ ആത്മാവില്‍
കാത്തു വെക്കാമിനി...

പടിയിറങ്ങുമ്പോള്‍...
പകുതി വാക്കിന്‍മേല്‍
കരള്‍ കൊരുത്തു നാം
പടിയിറങ്ങവേ
പനിച്ച ചുണ്ടിന്മേല്‍
വിറച്ചു നില്‍ക്കുന്നു
പകച്ച നെഞ്ചില്‍
നിന്നൊരു വാക്കിന്‍ കടല്‍!

ശപഥം
എന്റെതായതെല്ലാം നിന്നിലും
നിന്റെതായതെല്ലാം എന്നിലും
നിക്ഷിപ്തമാണെന്നിരിക്കെ
അകലങ്ങള്‍ കല്പ്പിക്കാനുറച്ചുള്ള
ഈ അജ്ഞാതവാസത്തിനര്‍ത്ഥമെന്ത്?
നിന്റെ വെളിപ്പെടുത്തളുകളെന്നിലും
എന്റെ നിശബ്ദത നിന്നിലും
അര്‍ഥം തേടിയൊളിക്കെ
മഴ നൂലിനേക്കാള്‍ ദുര്‍ബലമായ
ശപഥങ്ങളുടെ ഉന്നമെന്ത്?

അച്ഛന്‍
ആധികളുടെ കനലടങ്ങാതെ
അച്ഛന്‍ നീറികൊണ്ടിരുന്നു...
വഴിയോരങ്ങളില്‍ ഇടിച്ചു തകര്‍ന്ന വണ്ടികളും
രാവേറുമ്പോള്‍ നിറം മാറുന്ന
ഭ്രാന്തന്‍ നിഴലുകളും
ഇന്നലത്തെ പത്രത്തിലെ പെണ്‍കുട്ടിയുടെ
ചത്ത്‌ മലച്ച കണ്ണുകളും
അച്ഛന്റെ ഉറക്കം കെടുത്തികൊണ്ടിരുന്നു...

അമ്മ
എന്നിട്ടുമെന്താണമ്മേ
പൊള്ളുന്ന നോവിന്‍ മീതെ
കാഞ്ഞിര നീരു തന്നെ
നീ കുടിച്ചിറക്കുന്നു...
- Years 2002-2003-2004