Wednesday, October 17, 2012

എന്നോട് നീ പൂക്കള്‍ ചോദിക്കരുത്

സുഹൃത്തെ
എന്നോട് നീ പൂക്കള്‍ ചോദിക്കരുത്...
കരിഞ്ഞു വീഴുമെന്നു ഭയന്ന്
എന്റെ പൂമരമിപ്പോള്‍
പുഷ്പിക്കാറേയില്ല!

എന്നോട്  നീ സ്വപ്‌നങ്ങള്‍ ചോദിക്കരുത്...
ചീട്ടു കൊട്ടാരങ്ങള്‍
നിലം പതിച്ചേക്കുമെന്നോര്‍ത്തു
ഞാനിപ്പോള്‍
കിനാവ്‌ കാണാറേയില്ല!

എന്നോട്  നിറങ്ങള്‍ ആവശ്യപ്പെടരുത്...
കറുപ്പും  വെളുപ്പുമൊഴിച്ചു
എന്റെ ലോകത്തിപ്പോള്‍
വര്‍ണങ്ങളെയില്ല!

എന്നോട് നീ നക്ഷത്രങ്ങള്‍ ചോദിക്കരുത്...
എനിക്കനുവദിക്കപ്പെട്ട വാനില്‍
ഇരുട്ടിനു പുറമെയിപ്പോള്‍
ഒന്നും തന്നെയില്ല!

എന്റെ കണ്ണീര്‍ ചോദിക്കരുത്...
ചിറ കെട്ടി നിര്‍ത്തിയ
വറ്റാത്ത ഉറവകളിപ്പോള്‍
പൊടി നനവിനപ്പുറം
പെയ്യാറേയില്ല!

എന്നോട്  പുഞ്ചിരിക്കാന്‍ പറയരുത്...
അര്‍ത്ഥശൂന്യമായ
അട്ടഹാസങ്ങള്‍ അല്ലാതെ
എന്റെ ചുണ്ടിലിപ്പോള്‍
ചിരി വിടരാറേയില്ല!

എന്നോട് പാടാന്‍ പറയരുത്...
അരുതായ്മകളുടെ ചുവരുകള്‍ക്കിപ്പുറത്തു നിന്ന്
എന്റെ രാഗങ്ങളിപ്പോള്‍
പുറത്തു കേള്‍ക്കാറേയില്ല!

എന്നോട് നൃത്തം ചെയ്യാന്‍ പറയരുത്...
ആകാശത്തെ തടയുന്ന
മേല്‍ക്കൂരയ്ക്കു കീഴെ
എന്റെ മനസ്സിപ്പോള്‍
പീലി നീര്‍ത്താറേയില്ല!

എന്നോട് നീ സ്നേഹം ചോദിക്കരുത്...
നിറഞ്ഞു തുളുമ്പിയേക്കും എന്നതിനാല്‍
താഴിട്ട കലവറ ഞാനിപ്പോള്‍
തുറക്കാറേയില്ല!

എന്റെ ആത്മാവ് ചോദിക്കരുത്...
മുള്ള് തറഞ്ഞ ചോരക്കപ്പുറം
ഉറഞ്ഞ നിശ്ചലതക്കപ്പുറം
അതിനിപ്പോള്‍
പ്രാണസ്പന്ദനമേയില്ല!
- Year 2002

No comments:

Post a Comment